പുറത്തു നിന്നും ലക്‌ഷ്മിയേ എന്നുള്ള വിളികേട്ടാണ് ഇറയത്തേയ്ക്ക് ഇറങ്ങി ചെന്നത് . അപ്പുറത്തെ രാജമ്മ ഒരു സഞ്ചിയും തൂക്കി നിൽക്കുന്നു, അതെ റേഷൻ മേടിക്കാൻ പോകുന്നെങ്കിൽ ഞാനും കൂടി വരുന്നു. മുഖം കണ്ടാൽ അറിയാം ഇന്ന് രാജമ്മ ഒന്നും കഴിച്ചിട്ടില്ല എന്ന് .ഇറയത്തേയ്ക്ക് കയറി ഇരിക്കാൻ പറഞ്ഞ് അടുപ്പിൽ തീയൂതാൻ അടുക്കളയിലേയ്ക്ക് പോകുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി . ഇവിടെയും അടുപ്പ് നേരാവണ്ണം പുകഞ്ഞിട്ട് ദിവസങ്ങൾ ആയി . കർക്കിടകത്തിൽ ആര് പണി തരാനാ .പിള്ളേരുടെ അച്ഛന് ആഴ്ചയിൽ ഒന്നോ രണ്ടോ പണി കിട്ടിയാൽ ഭാഗ്യം .ചില ആഴ്ച അതുമുണ്ടാകാറില്ല ., അതിനാൽ റേഷൻ വാങ്ങാൻ വരുന്നില്ലന്ന് എങ്ങനെ പറയാൻ, കടയിൽ ചെല്ലുമ്പോൾ അരിമേടിച്ചതിന്റെ കാശു കൂടി കൊടുക്കാൻ പറഞ്ഞാൽ ഉള്ളൊന്ന് കാളി എങ്കിലും ഈ ആഴ്ച രണ്ട് ദിവസം പണിക്കു പോയപ്പോൾ കൊണ്ടുവന്നതിൽ കുറച്ചു അരി അടുപ്പത്ത് തിളച്ച് കിടപ്പുണ്ട് . കുറച്ചൂടെ വേകാൻ ഒള്ളോണ്ട് ഇറക്കിയില്ല . തിൽനിന്ന് ഇത്തിരി വറ്റും വെള്ളവും എടുത്ത് കുറച്ചു ഉപ്പുനീരും ഒഴിച്ച് ഉമ്മറത്തേയ്ക്ക് ഇറങ്ങുമ്പോൾ രാജമ്മ വിഷാദത്തോടെ തിണ്ണയിൽ ഇരിക്കുന്നു എന്റെ കൈയ്യിലെ പിഞ്ഞാണം കണ്ടാവണം രാജമ്മയുടെ...